കത്തി മാലാഖ
ഇംഗ്ലണ്ടില്‍ കത്തി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍, ബ്രിട്ടീഷ് അയണ്‍ വര്‍ക്ക് സെന്റര്‍ ഒരു ആശയം കൊണ്ടുവന്നു. പ്രാദേശിക പോലീസ് സേനയുമായി ചേര്‍ന്ന് കേന്ദ്രം രാജ്യത്ത് ഇരുനൂറു നിക്ഷേപ ബോക്സുകള്‍ നിര്‍മ്മിക്കുകയും പൊതുമാപ്പിനെക്കുറിച്ചുള്ള പ്രചാരണം നടത്തുകയും ചെയ്തു. ഒരു ലക്ഷം കത്തികള്‍ അജ്ഞാതമായി ബോക്സുകളില്‍ നിക്ഷേപിക്കപ്പെട്ടു - ചിലതില്‍ അപ്പോഴും രക്തക്കറയുണ്ടായിരുന്നു. ഇവ പിന്നീട് കലാകാരന് ആല്‍ഫി ബ്രാഡ്ലിക്ക് അയച്ചുകൊടുത്തു, ചിലത് മൂര്‍ച്ചയില്ലാതാക്കി, ചിലതില്‍ കത്തിക്കിരയായ യുവാക്കളുടെ പേരുകള്‍ കൊത്തി, ചിലതില്‍ മുന്‍ കുറ്റവാളികളുടെ പശ്ചാത്താപ വചനങ്ങള്‍ ആലേഖനം ചെയ്തു. ഒരു ലക്ഷം ആയുധങ്ങളും ഒരുമിച്ച് വെല്‍ഡു ചെയ്ത് കത്തി മാലാഖ എന്ന ശില്പം നിര്‍മ്മിച്ചു - ഇരുപത്തിയേഴടി ഉയരമുള്ളതും തിളങ്ങുന്ന ഉരുക്ക് ചിറകുകളോടും കൂടിയ മാലാഖയുടെ ശില്പം.
കത്തി മാലാഖയുടെ മുന്പില് നിന്നപ്പോള്‍, അതിന്റെ നിലനില്‍പ്പു കാരണം എത്ര ആയിരം മുറിവുകള്‍ ആണ് തടയപ്പെട്ടതെന്നു ഞാന്‍ ചിന്തിച്ചു. കുട്ടികള്‍ ചെറുപ്പത്തില്‍ മരിക്കാത്ത (വാ. 20), അല്ലെങ്കില്‍ കുറ്റകൃത്യത്തിലേക്കു തള്ളിവിടുന്ന തരത്തില്‍ കുട്ടികള്‍ ദാരിദ്ര്യത്തില്‍ വളര്‍ത്തപ്പെടാത്ത് (വാ. 22-23), കത്തിയാക്രമണങ്ങള്‍ ഇല്ലാത്ത പുതിയ ആകാശത്തെയും ഭൂമിയെയും കുറിച്ചുള്ള യെശയ്യാവിന്റെ കാഴ്ചപ്പാടിനെക്കുറിച്ചും ഞാന്‍ ചിന്തിച്ചു (യെശയ്യാവ് 65:17). അവിടെ അവര്‍ വാളുകളെ പുനര്‍നിര്‍മ്മിച്ച് കൂടുതല്‍ സൃഷ്ടിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും (2:4).
ആ പുതിയ ലോകം ഇതുവരെയും എത്തിയിട്ടില്ല, എന്നാല്‍ അതിന്റെ വരവ് വരെ നാം പ്രാര്‍ത്ഥിക്കുകയും അവനെ സേവിക്കുകയും ചെയ്യണം (മത്തായി 6:10). ദൈവം വാഗ്ദാനം ചെയ്ത ഭാവിയെക്കുറിച്ചുള്ള ഒരു സൂചന, കത്തി മാലാഖ അതിന്റേതായ രീതിയില്‍ നമുക്ക് നല്കുന്നു. വാളുകള്‍ കലപ്പകളായി മാറുന്നു. ആയുധങ്ങള്‍ കലാസൃഷ്ടികളായി മാറുന്നു. ആ ഭാവിയെ കുറച്ചുകൂടി കാണാന്‍ നമുക്ക് മറ്റെന്തൊക്കെ വീണ്ടെടുക്കല്‍ പദ്ധതികള്‍ ആവിഷ്കരിക്കാനാകും?
ആനന്ദ തൈലം
ഒരു സിനിമയില്‍ നിങ്ങള്‍ യേശുവിന്റെ ഭാഗം അവതരിപ്പിക്കുകയാണെങ്കില്‍, നിങ്ങള്‍ എങ്ങനെ ആ വേഷത്തെ സമീപിക്കും? 1993 ലെ വിഷ്വല്‍ ബൈബിള്‍ സിനിമയായ മത്തായിയില്‍ യേശുവിനെ അവതരിപ്പിച്ച ബ്രൂസ് മാര്‍ക്കിയാനോ നേരിട്ട വെല്ലുവിളി അതായിരുന്നു. ദശലക്ഷക്കണക്കിന് കാഴ്ചക്കാര്‍ തന്റെ വേഷത്തെ അടിസ്ഥാനമാക്കി യേശുവിനെക്കുറിച്ചുള്ള നിഗമനങ്ങളില്‍ എത്തുമെന്ന് അറിഞ്ഞപ്പോള്‍, ക്രിസ്തുവിനെ ''ശരിയായി'' അവതരിപ്പിക്കുന്നതിനുള്ള ഭാരം അമിതമായി തോന്നി. അവന് മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു -നന്നായി യേശുവിനെ അവതരിപ്പിക്കാനുള്ള കൃപയ്ക്കുവേണ്ടി.
എബ്രായ ലേഖനം ഒന്നാം അധ്യായത്തില്‍ നിന്ന് ബ്രൂസ് ഉള്‍ക്കാഴ്ച നേടി, അവിടെ പിതാവായ ദൈവം പുത്രനെ ''ആനന്ദ തൈലം'' കൊണ്ട് അഭിഷേകം ചെയ്തുകൊണ്ട് അവനെ വേര്‍തിരിച്ചതെങ്ങനെയെന്ന് എഴുത്തുകാരന് പറയുന്നു (1:9). ഇത്തരത്തിലുള്ള സന്തോഷം ആഘോഷത്തിന്റെ ഒന്നാണ് - പിതാവുമായുള്ള ബന്ധത്തിന്റെ സന്തോഷം പൂര്‍ണ്ണഹൃദയത്തോടെ പ്രകടിപ്പിക്കുന്ന ഒന്ന്. അത്തരം സന്തോഷം ജീവിതത്തിലുടനീളം യേശുവിന്റെ ഹൃദയത്തെ ഭരിച്ചു. എബ്രായര്‍ 12:2 വിവരിക്കുന്നതുപോലെ, അവന് 'തന്റെ മുമ്പില്‍ വച്ചിരുന്ന സന്തോഷം ഓര്‍ത്തു അവന് അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കുകയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുകയും ചെയ്തു''
ഈ തിരുവെഴുത്തു പ്രയോഗത്തില്‍ നിന്ന് തന്റെ സൂചനകള്‍ എടുത്ത്, ബ്രൂസ് തന്റെ രക്ഷകന്റെ അതുല്യമായ സന്തോഷം നിറഞ്ഞ ഒരു ചിത്രം വാഗ്ദാനം ചെയ്തു. തല്‍ഫലമായി, അവന് ''പുഞ്ചിരിക്കുന്ന യേശു'' എന്നറിയപ്പെട്ടു. നമുക്കും മുട്ടുകുത്തി ''യേശുവിനുവേണ്ടി യേശുവിനോട് യാചിക്കാന്‍'' ധൈര്യപ്പെടാം. അവിടുത്തെ സ്വഭാവത്താല്‍ അവന് നമ്മെ നിറയ്ക്കട്ടെ, നമുക്ക് ചുറ്റുമുള്ള ആളുകള്‍ നമ്മില്‍ അവിടുത്തെ സ്നേഹത്തിന്റെ പ്രകടനം കാണട്ടെ!
തിരഞ്ഞെടുപ്പുകള്‍ നയിക്കുന്നിടം
മൊബൈല്‍ സേവനമോ വഴിയുടെ മാപ്പോ ഇല്ലാത്തതിനാല്‍, മുമ്പു കണ്ട ഒരു മാപ്പിന്റെ ഓര്‍മ്മ മാത്രമേ ഞങ്ങളെ നയിക്കാനായി ഉണ്ടായിരുന്നുള്ളൂ. ഒരു മണിക്കൂറിലധികം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒടുവില്‍ കാട്ടില്‍ നിന്ന് പാര്‍ക്കിംഗ് സ്ഥലത്തേക്ക് വന്നു. അര മണിക്കൂര്‍ മാത്രം നടക്കേണ്ടിയിരുന്ന ഞങ്ങള്‍ തെറ്റായ ഒരു വഴി തിരഞ്ഞെടുത്തതിന്റെ ഫലമായി വളരെക്കൂടുതല്‍ നടക്കേണ്ടി വന്നു.
ജീവിതം അങ്ങനെയാകാം: ഒരു കാര്യം ശരിയോ തെറ്റോ എന്ന് നാം ചോദിക്കേണ്ടതില്ല, മറിച്ച് അത് എവിടേക്കാണ് നയിക്കുന്നത് എന്നാണു ചോദിക്കേണ്ടത്. 1-ാം സങ്കീര്‍ത്തനം രണ്ട് ജീവിതരീതികളെ താരതമ്യം ചെയ്യുന്നു - നീതിമാന്മാരുടെ (ദൈവത്തെ സ്നേഹിക്കുന്നവരുടെ) വഴിയും ദുഷ്ടന്മാരുടെ (ദൈവത്തെ സ്നേഹിക്കുന്നവരുടെ ശത്രുക്കളുടെ) വഴിയും. നീതിമാന് ഒരു വൃക്ഷംപോലെ തഴച്ചുവളരുന്നു, എന്നാല്‍ ദുഷ്ടന്മാര് പതിരുപോലെ പറന്നുപോകുന്നു (വാ. 3-4). തഴച്ചുവളരുന്നത് യഥാര്‍ത്ഥത്തില്‍ എങ്ങനെയിരിക്കുമെന്ന് ഈ സങ്കീര്‍ത്തനം വെളിപ്പെടുത്തുന്നു. ഇത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന വ്യക്തി പുതുക്കലിനും ജീവനുമായി ദൈവത്തെ ആശ്രയിക്കുന്നു.
അപ്പോള്‍ നമ്മള് എങ്ങനെ അത്തരത്തിലുള്ള വ്യക്തിയാകും? വിനാശകരമായ ബന്ധങ്ങളില്‍ നിന്നും അനാരോഗ്യകരമായ ശീലങ്ങളില്‍ നിന്നും അകന്നുനില്‍ക്കാനും ദൈവത്തിന്റെ പ്രബോധനത്തില്‍ ആനന്ദിക്കാനും 1-ാം സങ്കീര്‍ത്തനം നമ്മെ പ്രേരിപ്പിക്കുന്നു (വാ. 2). ആത്യന്തികമായി, നമ്മുടെ അഭിവൃദ്ധിക്ക് കാരണം ദൈവത്തിനു നമ്മിലുള്ള ശ്രദ്ധയാണ്: 'യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു'' (വാ. 6).
നിങ്ങളുടെ വഴി ദൈവത്തിനു സമര്‍പ്പിക്കുക, അവന് നിങ്ങളെ എങ്ങുമെത്താത്ത പഴയ വഴികളില്‍ നിന്ന് വഴിതിരിച്ചുവിടുകയും നിങ്ങളുടെ ഹൃദയത്തിന്റെ മൂലവ്യവസ്ഥയെ പരിപോഷിപ്പിക്കുന്ന നദിയായി മാറുവാന്‍ തിരുവെഴുത്തുകളെ അനുവദിക്കുകയും ചെയ്യട്ടെ.
സമാധാനമെന്ന ദാനം
''ഞാന്‍ യേശുവില്‍ വിശ്വസിക്കുന്നു, അവന് എന്റെ രക്ഷകനാണ്, മരണത്തെക്കുറിച്ച് എനിക്ക് ഭയമില്ല,'' മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് എച്ച്. ഡബ്ല്യു. ബുഷിന്റെ ഭാര്യ ബാര്‍ബറ ബുഷ് മരിക്കുന്നതിന് മുമ്പ് മകനോട് പറഞ്ഞു. അവിശ്വസനീയവും ആത്മവിശ്വാസമുള്ളതുമായ ഈ പ്രസ്താവന ശക്തവും ആഴത്തിലുള്ളതുമായ വിശ്വാസത്തെ സൂചിപ്പിക്കുന്നു. മരണത്തെ അഭിമുഖീകരിക്കുമ്പോഴും യേശുവിനെ അറിയുന്നതിലൂടെ ലഭിക്കുന്ന ദൈവത്തിന്റെ സമാധാന ദാനം അവള് അനുഭവിച്ചു.
ഒന്നാം നൂറ്റാണ്ടില്‍ യെരുശലേമില്‍ താമസിച്ചിരുന്ന ശിമയോനും യേശു നിമിത്തം അഗാധമായ സമാധാനം അനുഭവിച്ചു. നവജാത ശിശുവിന് നിയമം അനുശാസിക്കുന്ന വിധത്തില്‍ പരിച്ഛേദന ചെയ്യാനായി മറിയയും യോസേഫും യേശു കുഞ്ഞിനെ കൊണ്ടുവന്നപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായ ശിമയോന് ദൈവാലയത്തിലേക്കു ചെന്നു. ശിമയോനെക്കുറിച്ച് ലൂക്കൊസിന്റെ വിവരണത്തില്‍ നിന്ന് കൂടുതലൊന്നും അറിയാനാവില്ലെങ്കിലും, അവന് ഒരു പ്രത്യേക ദൈവപുരുഷനാണെന്നും നീതിമാനും ഭക്തനുമാണെന്നും വരാനിരിക്കുന്ന മശിഹായ്ക്കുവേണ്ടി വിശ്വസ്തതയോടെ കാത്തിരുന്നുവെന്നും ''പരിശുദ്ധാത്മാവ് അവനില്‍ ഉണ്ടായിരുന്നു'' എന്നും പറയാന്‍ കഴിയും (ലൂക്കൊസ് 2:25). എന്നിട്ടും യേശുവിനെ കാണുന്നതുവരെ ശിമയോന് ശാലോം (സമാധാനം) അഥവാ പൂര്‍ണ്ണമായ സ്വസ്ഥത അനുഭവിച്ചിരുന്നില്ല.
യേശുവിനെ കൈകളില്‍ പിടിച്ചിരിക്കുമ്പോള്‍, ശിമയോന് സ്തുതിഗീതത്തില്‍ മുഴുകി, ദൈവത്തില്‍ പൂര്‍ണ്ണ സംതൃപ്തി പ്രകടിപ്പിച്ചു: ''ഇപ്പോള്‍ നാഥാ! തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കുന്നു...നിന്റെ രക്ഷയെ എന്റെ കണ്ണ് കണ്ടുവല്ലോ' (വാക്യം 29-31). ലോകത്തിന്റെ മുഴുവന്‍ ഭാവി പ്രത്യാശയും മുന്‍കൂട്ടി കണ്ടതിനാല്‍ അവനു സമാധാനമുണ്ടായിരുന്നു.
വാഗ്ദത്ത രക്ഷകനായ യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവ നാം ആഘോഷിക്കുമ്പോള്‍, സമാധാനത്തിന്റെ ദൈവിക ദാനത്തില്‍ നമുക്കു സന്തോഷിക്കാം.
ഒരു പേരിലെന്തിരിക്കുന്നു?
ദൈവത്തിന്റെ സമയമായപ്പോള്‍, ഞങ്ങളുടെ മകന് കോഫി ഒരു വെള്ളിയാഴ്ച ജനിച്ചു - അതാണ് അവന്റെ പേരിന്റെ അര്‍ത്ഥം 'വെള്ളിയാഴ്ച ജനിച്ച കുട്ടി.' ഞങ്ങളുടെ ഒരു ഘാന സുഹൃത്തിന്റെ മകന്റെ പേരിലാണ് ഞങ്ങള്‍ അവന് ആ പേര് നല്‍കിയത്. അദ്ദേഹത്തിന്റെ ഏക മകന് മരിച്ചുപോയിരുന്നു. അദ്ദേഹം ഞങ്ങളുടെ കോഫിക്ക് വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുന്നു. അതില്‍ ഞങ്ങള്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നു.
ഒരു പേരിന്റെ പിന്നിലെ കഥ നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ അതിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തുന്നത് എളുപ്പമാണ്. ലൂക്കൊസ് 3 ല്‍, യോസേഫിന്റെ വംശപരമ്പരയില്‍ ഒരു പേരിനെക്കുറിച്ചുള്ള ആകര്‍ഷകമായ വിശദാംശങ്ങള്‍ കാണാം. വംശാവലി യോസേഫിന്റെ പരമ്പരയെ ആദാമിലേക്കും ദൈവത്തിലേക്കും പിന്നോട്ട് കൊണ്ടുപോകുന്നു (വാ. 38). 31-ാം വാക്യത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: ''നാഥാന്റെ മകന്, നാഥാന് ദാവീദിന്റെ മകന്.'' നാഥാന്? അത് രസകരമായിരിക്കുന്നു. 1 ദിനവൃത്താന്തം 3:5-ല്‍ നാഥാന് ബത്ത്ശേബയില്‍ ജനിച്ചുവെന്ന് നാം മനസ്സിലാക്കുന്നു.
ദാവീദ് ബത്ത്ശേബയുടെ കുട്ടിക്ക് നാഥാന് എന്ന് പേരിട്ടത് യാദൃശ്ചികമാണോ? പിന്നിലുള്ള കഥ ഓര്‍മ്മിക്കുക. ബത്ത്ശേബ ഒരിക്കലും ദാവീദിന്റെ ഭാര്യയായിരിക്കേണ്ടവളല്ല. മറ്റൊരു നാഥാന് - പ്രവാചകന് - ബത്ത്ശേബയെ ചൂഷണം ചെയ്യാനും അവളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താനും തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തതിന് രാജാവിനെ ധൈര്യത്തോടെ നേരിട്ടു (2 ശമൂവേല്‍ 12 കാണുക).
പ്രവാചകന്റെ ശാസന സ്വീകരിച്ച ദാവീദ് തന്റെ ഭയാനകമായ കുറ്റങ്ങളില്‍ അനുതപിച്ചു. സമയം അവനിലെ മുറിവുകള്‍ ഉണക്കിയപ്പോള്‍ അവന് തന്റെ മകന് നാഥാന് എന്ന് പേരിട്ടു. ഇത് ബത്ത്ശേബയുടെ പുത്രനാണെന്നതും യേശുവിന്റെ ഭൗമിക പിതാവായ യോസേഫിന്റെ പൂര്‍വ്വികരില്‍ ഒരാളായിരുന്നുവെന്നതും എത്ര ഉചിതമായിരിക്കുന്നു (ലൂക്കൊസ് 3:23).
ബൈബിളില്‍, ദൈവകൃപ എല്ലാത്തിലും നെയ്തു ചേര്‍ത്തിരിക്കുന്നതായി നാം കാണുന്നു - അപൂര്‍വമായി മാത്രം വായിക്കുന്ന വംശാവലിയിലെ ഒരു അവ്യക്തമായ നാമത്തില്‍ പോലും. ദൈവകൃപ എല്ലായിടത്തും ഉണ്ട്.